മാരാമണ്‍: ആരാധനാനുഭവങ്ങളില്‍നിന്നു മാറി സ്വന്തം ബുദ്ധിയില്‍

ദൈവത്തെ മെനയുന്ന പ്രകൃതമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് മാര്‍ത്തോമ്മാ സഭാ തിരുവനന്തപുരം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തലമുറുകള്‍ തമ്മില്‍ അന്തരം കൂടുന്നതിന് കുടുംബബന്ധങ്ങളിലെ പാളിച്ചകളും കാരണമാണ്. എന്നാല്‍, പുതുതലമുറയെയും പിതാവിന്‍റെ സന്നിധിയിലേക്കു കൊണ്ടുവരാന്‍ മുതിര്‍ന്നവര്‍ക്കു കടമയുണ്ടെന്ന ബോധ്യം നഷ്ടപ്പെടുത്തരുതെന്നും മാര്‍ ബര്‍ണബാസ് പറഞ്ഞു. 

കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ബന്ധങ്ങള്‍ തകരാറിലായി. സെല്‍ഫിയുടെ യുഗത്തില്‍ മനുഷ്യന്‍ തന്നിലേക്കു മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ വീടുകള്‍ ഭ്രാന്താലയങ്ങളായി മാറുകയാണ്. മാനസികമായ കരുത്ത് യുവതലമുറയ്ക്കു നഷ്ടപ്പെട്ടു. ഒരുതരം മനോരോഗത്തിന്‍റെ പിടിയിലായി നമ്മുടെ കുട്ടികളില്‍ ഒരു പങ്ക്. നീലത്തിമിംഗലത്തെ കരയിലെത്തിച്ച് മരണത്തെ പുല്‍കാന്‍ ഇവര്‍ക്കു മടിയില്ലാതായിരിക്കുന്നു. സെല്‍ഫി ചിത്രത്തിനുവേണ്ടി മരണത്തിലേക്ക് വേഗം എത്തപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. മദ്യവും മയക്കുമരുന്നും ഉയര്‍ത്തുന്ന പ്രലോഭനങ്ങളില്‍ യുക്തിസഹമായ ചിന്തകള്‍ യുവതലമുറയ്ക്കു നഷ്ടപ്പെടുന്നു.

പ്രാര്‍ഥനാമതിലുകള്‍ തകര്‍ന്നുവീണതാണ് സമൂഹത്തിലുണ്ടായ അപചയങ്ങളുടെ പ്രധാന കാരണം. മുന്‌പൊക്കെ ആത്മീയ ആയുധമായി പ്രാര്‍ഥനയെ കരുതിയിരുന്നു. എന്നാല്‍, സാമൂഹികമായ മാറ്റം കുടുംബാന്തരീക്ഷത്തെയും ബാധിച്ചു. ആര്‍ഭാടങ്ങളായി മാറിയ വിവാഹങ്ങള്‍ കൂദാശയാണെന്നതു പലരും മറക്കുന്നു. ആഘോഷങ്ങളിലൂടെ കൂട്ടിയോജിപ്പിക്കപ്പെടുന്ന ബന്ധങ്ങള്‍ക്ക് ആയുസ് കുറയുന്നു.

ഗര്‍ഭത്തിലായിരിക്കുന്‌പോള്‍ മുതല്‍ ശിശുവിനു കരുതല്‍ ആവശ്യമാണ്. എന്നാല്‍, ഗര്‍ഭസ്ഥ ശിശു ഇന്ന് കേട്ടുവളരുന്നത് മാതാപിതാക്കളുടെ ശണ്ഠകൂടലാണ്. ജീവന്‍റെ മൂല്യങ്ങളെ ഗൗരവത്തിലെടുക്കാതെ ക്രിസ്തീയ പ്രമാണങ്ങള്‍ കാറ്റില്‍പ്പറത്തി. ദൈവത്തിന്‍റെ ദാനമായ ജീവനെ നശിപ്പിക്കാനും മടിയില്ല. രണ്ട് ലോകമഹായുദ്ധങ്ങളില്‍ നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ അധികമാണ് ഭ്രൂണഹത്യയിലൂടെ നഷ്ടമായിരിക്കുന്നത്. സത്യവും നീതിയും ധര്‍മവും നഷ്ടമായ സമൂഹത്തില്‍ സഭയും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട കാലം അതിക്രമിച്ചുവെന്ന് മാര്‍ ബര്‍ണബാസ് ചൂണ്ടിക്കാട്ടി.

Related News

Go to top