എസ്.എസ്.എൽ.സി: 4,27,105 വിദ്യാർഥികൾ പരീക്ഷ എഴുതും

Spread the love

ഈ വർഷത്തെ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി / എ.എച്ച്.എൽ.സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതും. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.

ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ.

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്.എസ്.എസ് ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്.എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളിൽ ഓരോ കുട്ടികൾ വീതമാണ് പരീക്ഷ എഴുതുന്നത്.

റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആൺകുട്ടികൾ 2,732, പെൺകുട്ടികൾ 212). എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. കുട്ടികളുടെ എണ്ണം 60. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും, റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 2 പരീക്ഷാ കേന്ദ്രങ്ങളിൽ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 3 മുതൽ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ 20 വരെ. മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും, അസിസ്റ്റന്റ് എക്സാമിനർമാരുടേയും നിയമന ഉത്തരവുകൾ 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാം വാരത്തിൽ ആരംഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *