സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും തുടർന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കാക്കകളിലും മറ്റ് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടന്നുള്ള മരണമുണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.കേരളത്തിൽ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.