വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതി.
*രണ്ടുവർഷം മൊറോട്ടോറിയം
*പാട്ട കാലാവധി 90 വർഷമാക്കും
കേരളത്തിന്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള നിയമ ഭേദഗതിചട്ടങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്‌ഐഡിസിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ (ലാൻഡ് ഡിസ്‌പോസൽ റെഗുലേഷൻസ്) പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്‌കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്.
നിലവിൽ കിൻഫ്രയിൽ നിന്ന് വ്യാവസായിക സംരംഭങ്ങൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നൽകണം. ബാക്കി തുക പലിശ സഹിതം 2 വർഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം.
ഇനിമുതൽ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക. 50-100 കോടി വിഭാഗത്തിൽ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേൽ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂട്ടി അടച്ചാൽ മതി. ആദ്യവിഭാഗക്കാർ ബാക്കി 80 ശതമാനം തുക കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പലിശ സഹിതം 5 തുല്യ വാർഷിക ഗഡുക്കളായും 100 കോടിക്ക് മേൽ നിക്ഷേപം കൊണ്ടുവരുന്നവർ ബാക്കിയുള്ള 90 ശതമാനം പാട്ടത്തുക പലിശസഹിതം 9 തുല്യ വാർഷിക തവണകളായും അടച്ചാൽ മതി. മുൻകൂർ തുക അടച്ച തീയതി മുതൽ 24 മാസം വരെ പലിശയോടു കൂടിയ മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ട്.
50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിൾ, ഗ്രീൻ എനർജി മേഖലകളിലെ ഹൃസ്വകാല പദ്ധതികളിൽ വാർഷിക വാടക അടിസ്ഥാനത്തിൽ ഭൂമി അനുവദിക്കും. ഇത്തരം യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് 20 വർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്. കോസ്റ്റ് റിക്കവറി അടിസ്ഥാനത്തിൽ ജി എസ് ടിയോട് കൂടിയ വാടക അതതു സർക്കാർ ഏജൻസികളാണ് തീരുമാനിക്കുക.
ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധമുള്ള തടസമോ ഉണ്ടായാൽ, അധിക ചിലവില്ലാതെ തന്നെ നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവൽക്കരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. നിലവിലെ ചട്ടപ്രകാരം പദ്ധതിയിൽ നിന്ന് പുറത്ത് പോകുന്നവർ ഏതു സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂർണ്ണമായും അടച്ചുതീർക്കണം. എന്നാൽ ഇനിമുതൽ ഇത്തരത്തിൽ പുറത്തുകടക്കാനും മറ്റൊരു സംരംഭകന് വ്യവസായം കൈമാറാനും ആഗ്രഹിക്കുന്ന സംരംഭകർക്ക് വിവിധ സ്ലാബുകളനുസരിച്ച് ഡി എൽ പി തിരിച്ചടക്കാനുള്ള സൗകര്യമുണ്ട്. വാണിജ്യ ഉൽപ്പാദനം ആരംഭിച്ച തീയതി മുതൽ 5 വർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ച യൂണിറ്റുകൾ ഡി എൽ പിയുടെ പകുതി അടച്ചാൽ മതിയാകും. 5 മുതൽ 7 വർഷം വരെ പ്രവർത്തിച്ച യൂണിറ്റുകൾ ഡി എൽ പിയുടെ 20 ശതമാനവും 7 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചവ ഡി എൽ പിയുടെ 10 ശതമാനവും നൽകിയാൽ മതി. ഒരേ മാനേജ്‌മെന്റിന് കീഴിൽ കോടതിയോ എൻ സി എൽ ടിയോ അംഗീകരിച്ച ലയനങ്ങൾക്കോ സംയോജനങ്ങൾക്കോ നിലവിലെ ലീസ് പ്രീമിയത്തിന്റെ ഒരു ശതമാനം ബാധകമായിരിക്കും.
ഭൂമി ലഭ്യമായവർ നിർമ്മിച്ച ബിൽറ്റ്-അപ്പ് സ്ഥലം ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കും വെയർ ഹൗസ് സൗകര്യങ്ങളുടെ സബ്-ലീസിങ്ങിനും വേണ്ടി യഥാർത്ഥ പാട്ടക്കാലയളവിൽ കവിയാത്ത കാലത്തേക്ക് മറ്റോരു ഓപ്പറേറ്റർക്ക് സബ് ലീസിന് നൽകാനും ഇനിമുതൽ അനുവാദമുണ്ട്.
കിൻഫ്രയും കെ എസ് ഐഡിസിയും കഴിഞ്ഞ 30 വർഷത്തിലേറെയായി കേരളത്തിൽ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വ്യവസായ പാർക്കുകൾ സൃഷ്ടിക്കുന്നതിലും ഭാവി സംരംഭകർക്ക് ദീർഘകാല പാട്ട വ്യവസ്ഥയിൽ ഭൂമി അനുവദിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയിലുടനീളമുള്ള മികച്ച സമ്പ്രദായങ്ങൾക്കനുസൃതമായി ഈ നയങ്ങൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് സർക്കാർ ഭൂവിതരണ ചട്ടങ്ങൾ അവലോകനം ചെയ്ത് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. പരിഷ്‌കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നൽകുമെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.